Tuesday, August 12, 2008

കോളേജ്‌ ബസ്‌


നാലാം സെമെസ്റ്ററില്‍‌ പഠിക്കുംബോള്‍ എഴുതിയ കഥ. ആത്മകഥാംശം കുറച്ചില്ലേ എന്നു ചിലര്‍‌ അന്നു ചോദിച്ചിരുന്നു. അന്നു ഉത്തരമൊന്നും പറഞ്ഞില്ലെങ്കിലും അതു സത്യമാണ്. കഥാലോകത്തേക്കുള്ള എന്റെ ആദ്യത്തെ എടുത്തുചാട്ടം.

കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാഗസിന്‍‌ 1999 (നിറം) ല്‍‌ നിന്നും ഒരേട്..

http://rapidshare.com/files/136860950/the_college_bus.pdf.html

Thursday, February 21, 2008

സരളാ കപ്പ്‌

“ക്യാച്ച്‌ ഇറ്റ്‌”...

പാടശേഖരങ്ങള്‍‌ക്കിടയിലെവിടെയോ ഒരു മതിലില്‍‌ തട്ടി, ആ സ്വരം പ്രതിധ്വനിച്ചു...ശരീരം തളര്‍‌ത്തിക്കളയുന്ന കൊടും ചൂടിനിടയിലും ആവേശത്തിനു ഒട്ടും കുറവില്ലായിരുന്നു. ബൌളിങ്ങിലൂടെയും ബാറ്റിംഗിലൂടെയും ഫീല്‍‌ഡിലെ തമാശകളിലൂടെയും, ഡ്രെസ്സിംഗ്‌ റൂമില്‍‌ വെയ്റ്റു ചെയ്യുന്ന (ഒരു വശത്തെ മതിലില്‍‌ ചാരി ഇരിക്കുന്ന) ഔട്ടായ ബാറ്റ്സ്മാന്‍‌മാരുടെയും, ഇനിയും കളിക്കാത്ത ബാറ്റ്സ്മാന്‍‌മാരുടെയും അഭിപ്രായ പ്രകടനങ്ങളിലൂടെയും അതു മുന്നേറി. കോടിക്കണക്കിനു ഇന്ത്യാക്കാരെ ഒരുമിപ്പിക്കുന്ന വളരെ ചുരുക്കം സംഭവങ്ങളില്‍‌ ഒന്നായ ക്രിക്കറ്റ്‌, ആ പ്രീഡിഗ്രി സുഹ്രുത്തുക്കളുടെ ആവേശം നിലനിര്‍‌ത്തുന്നതിലും ഒട്ടും പരാജയപ്പെട്ടില്ല. “സരളാ കപ്പ്‌” എന്ന ചരിത്ര സംഭവം ആയിരുന്നു അത്‌....“ഡ്രാഗണ്‍സിന്റെ” കഥ ഇവിടെ
ആരംഭിക്കുന്നു....

ചരിത്രസംഭവത്തിനു തുടക്കം കുറിക്കുന്നതു അന്നേ ദിവസം രാവിലെ കോട്ടയം പാം‍ബാടിയിലെ ഒരു പ്രധാന കോളേജില്‍‌ ആണ്... “പ്രീഡിഗ്രി” കോളേജില്‍‌ നിന്നു വേര്‍‌പെടുത്താന്‍‌ കേരള സര്‍‌ക്കാര്‍‌‌ തീരുമാനിക്കുന്നതിനു മുന്‍‌പുള്ള വസന്തകാലമായിരുന്നു അത്‌.
ചില്ലറ റാഗിംഗ്‌ സംഭവവികാസങ്ങളുടെ നാടകീയമുഹൂര്‍‌ത്തങ്ങള്‍‌ക്കിടയിലും,
സ്കൂളില്‍‌ നിന്നു പുറത്തായതിന്റെ സ്വാതന്ത്ര്യം അവര്‍‌ നന്നായി ആസ്വദിച്ചു വരികയായിരുന്നു. എങ്കിലും ആ ഒരു ഐക്യം അവര്‍‌ക്ക്‌ അങ്ങോട്ടു തോന്നിയില്ല, അതിന്റെ ആവശ്യം ഇല്ലായിരുന്നു എന്നു വേണമെങ്കില്‍‌ പറയാം.

രാവിലെ കോളേജില്‍‌ എത്തിയ അവരെ കാത്തിരുന്നത്‌, കോളേജിന്റെ പ്രധാന രക്ഷിതാവായ സഭയുടെ ആത്മീയ പിതാവ്‌ കാലം ചെയ്തു എന്ന വാര്‍‌ത്തയാണ്. അപ്പോള്‍‌ ഇന്നു ക്ലാസ്സില്ല. ഇനി എന്ത്.....എങ്ങനെ ഈ അവധി ദിവസം ഫലപ്രദമായി ഉപയോഗിക്കാം എന്ന്, നാളത്തെ ഭാരതത്തിനു മുന്‍‌പോട്ടു കുതിക്കാന്‍‌ ശക്തി പകരേണ്ട യുവതലമുറയുടെ, ഇരുപതോളം വരുന്ന തലകള്‍‌ പുകഞ്ഞാലോചിക്കാന്‍‌ തുടങ്ങി. കോട്ടയം പട്ടണത്തില്‍‌ കളിക്കുന്ന ഏതെങ്കിലും നൂന്‍‌ഷോ ആയലോ എന്ന പുരാതനവും
ബാലിശവുമായ ആശയം ആദ്യമേ തള്ളിക്കളയപ്പെട്ടു....ഇനി എന്ത്....

1996 ലോകകപ്പ്‌ നടക്കുന്ന കാലമാണ്....“ഒരു ക്രിക്കറ്റ്‌ കളി അങ്ങടു നടത്തിയാലോ” എന്ന ചിന്ത ആരോ പുകയുന്ന തലയില്‍‌ നിന്നും പുറത്തേക്കെറിഞ്ഞു.....കൊള്ളാമല്ലോ...പക്ഷെ, സാധനസാമഗ്രികള്‍‌, ഗ്രൌണ്ട്‌, വെല്ലുവിളികള്‍‌ പലതാണ്....റബ്ബര്‍‌ പന്ത്‌ ഏതു മുറുക്കാന്‍‌ കടയിലും വാങ്ങിക്കാന്‍‌ കിട്ടും....“ബാറ്റ്‌ എന്റെ വീട്ടിലുണ്ട്‌” ഒരു സുഹൃത്തു പറഞ്ഞു....ഒരു മൂന്നു കന്‍‌പുകള്‍‌‌ ഒപ്പിച്ചാല്‍‌ സ്റ്റംപുമായി....ര‍ണ്ടു ടീമിനുള്ള ആളുകള്‍‌ എന്തായാലും ഉണ്ട്‌.....കോട്ടയത്തിനും പാം‍ബാടിക്കും ഇടയ്ക്കുള്ള “മാങ്ങാനം” എന്ന സ്ഥലത്തെ പാടങ്ങള്‍‌ക്കിടയില്‍‌ ഉള്ള ഒരു ചെറിയ മൈതാനം കളിക്കളം ആയി തിരഞ്ഞെടുക്കപ്പെട്ടു....ഒരു സുഹൃത്തിന്റെ പേരില്‍‌ കുറച്ചു ഭേദഗതികള്‍‌ വരുത്തി മത്സരത്തിനു ആരോ ഒരു പേരും രൂപകല്‍‌പന ചെയ്തു....“സരളാ കപ്പ്‌”......

സംഭവ സ്ഥലത്തേക്കുള്ള യാത്ര തുടങ്ങുകയായി. “കണ്‍‌സഷന്‍‌” എന്ന മാന്ത്രിക വടി കൈയില്‍‌ വെച്ചു ചില്ലറയുമായി ബസില്‍‌ കയറുന്ന വിദ്യാര്‍‌ഥികളെ കണ്ടാല്‍‌, ഏതോ ചവര്‍‌പ്പുള്ള കഷായം കുടിച്ചിട്ടു ഇറക്കാന്‍‌ വയ്യാത്തതു പോലെയുള്ള മുഖം എല്ലാ ബസ്‌ കണ്ടക്ടര്‍‌മാരെയും പോലെ ആ കണ്ടക്ടര്‍‌ക്കും ഉണ്ടായിരുന്നു. പക്ഷെ, വരാന്‍‌ പോകുന്ന വാശിയേറിയ മത്‌സരത്തിന്റെ സുന്ദര മുഹൂര്‍‌ത്തങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ ചിറകൊടിക്കാന്‍‌ ഇതിനൊന്നും കഴിഞില്ല. ബസ്‌‌ ഇറങ്ങി കുറച്ചു നടന്നു.....അതാ, ക‌ണ്‍മുന്നില്‍‌ ഗ്രൌണ്ട്‌......

ക്യാപ്റ്റന്‍‌മാരാകാന്‍‌ യോഗ്യന്‍‌മാര്‍‌ എന്നു പൊതുവേ തോന്നിയ ര‍ണ്ടു പേരോട്‌ ഓരോന്നായി ആള്‍‌ക്കാരെ തിരഞ്ഞെടുക്കാന്‍‌ ആവശ്യപ്പെട്ടു. ഇരുപതോളം പേര്‍‌ രണ്ടു ടീമുകളിലായി അണി നിരന്നു.....മത്സരം ആരംഭിക്കുകയായി....ആവേശം തിരതല്ലി...ടിവി കണ്ടപ്പോള്‍‌‍‌ എളുപ്പം എന്നു തോന്നിയ പല ഓഫ്‌സൈഡ്‌ ഷോട്ടുകളും ചില ബാറ്റിംഗ്‌ പ്രേമികള്‍‌ പ്രയോഗിച്ചു വിജയപരാജയങ്ങള്‍‌ അടഞ്ഞപ്പോള്‍‌, ചിലര്‍‌ ബൌളിങ്ങില്‍‌ ശ്രദ്ധ കേന്ദ്രീ‍കരിച്ചു. അസറുദ്ദീ‍നെയും റോബിന്‍‌ സിങ്ങിനെയും തോല്പിക്കുന്ന ഫീ‍ല്‍‌ഡിംഗ്‌ പ്രകടനം ചിലര്‍ കാഴ്ച വെച്ചു. സൂര്യന്‍‌ അസ്തമിക്കുവോളം ആവേശകരമായി അതു മുന്നേറി.....ഓരോരുത്തരായി അവരവരുടെ വീടുകളിലേക്കു പുറപ്പെടുകയായി.....നാളെ വീണ്ടും ക്ലാസ്സിലേക്കു പോണം എന്ന
പ്രപഞ്ച സത്യം അവരുടെ വഴി മുടക്കി നിന്നു. വീട്ടില്‍‌ പോകുന്നതിനു പകരം മാങ്ങാനത്തെ ഒരു പരംബരാഗതമായ ഷാപ്പിലേക്കാണു രണ്ടു സുഹൃത്തുക്കല്‍‌ നേരേ പോയതെന്നു പിന്നീടു പരസ്യമായ രഹസ്യം....

വിജയപരാജയങ്ങള്‍‌ എന്തൊക്കെ ആയാലും ആ സംഘത്തിന്റെ ആദ്യമായ കൂട്ടായ സംരംഭമായിരുന്നു, സരളാ കപ്പ്‌. പിന്നീടു രണ്ടു വര്‍‌ഷത്തോളം കോളെജിനെ അടക്കി വാണ, പാഠ്യ പാഠ്യേതര വിഷയങ്ങളില്‍‌ തങ്ങളുടേതായ മുദ്ര പതിപ്പിച്ച ഒരു ബാച്ചിന്റെ, “ഡ്രാഗണ്‍‌സ്‌” എന്ന അപര നാമത്തില്‍‌ അറിയപ്പെട്ട ഒരു സംഘത്തിന്റെ, ഐക്യം ആദ്യം ഉണ്ടാക്കിയെടുത്ത ഒരു സംഭവം ആയിരുന്നു അത്‌....ഡ്രാഗണ്‍‌സിന്റെ ചരിത്രം ഇവിടെ ആരംഭിക്കുന്നു....ആ കഥകള്‍‌ പിന്നീട്‌....

“സരളാ കപ്പ്‌” ഒരു വെറും ക്രിക്കറ്റ്‌ മത്സരം ആയേക്കാം...പക്ഷെ, ഡ്രാഗണ്‍‌സിന്റെ ജൈത്രയാത്രയ്ക്കു തുടക്കം കുറിക്കുന്നതില്‍‌ അതു വഹിച്ച പങ്ക്‌ അഭൂതപൂര്‍‌വമായിരുന്നു, അതിലുപരി അസൂയാവഹവും....